ബീജിംഗ്: കള്ളന്മാരെല്ലാവരും മോശക്കാരാണെന്നു പറഞ്ഞാൽ ചൈനക്കാരനായ സോവു ബിൻ സമ്മതിച്ചുതരില്ല. അനുഭവമാണ് കാരണം. അത് ഇങ്ങനെ: അടുത്തിടെ സോവുവിന്റെ ഐ ഫോൺ ആരോ അടിച്ചുമാറ്റി. ആയിരത്തിലധികം ഫോൺ നമ്പരുകളും നിരവധി ഇ-മെയിൽ വിലാസങ്ങളും ഫീഡുചെയ്തിരുന്ന ഫോൺ നഷ്ടമായതോടെ ബിസിനസുകാരനായ സോവുവിന് തന്റെ വലതുകൈ നഷ്ടപ്പെട്ടതു പോലെയായി. ഫോണിലുള്ള നമ്പരുകളും ഇ-മെയിൽ വിലാസങ്ങളും മറ്റെങ്ങും രേഖപ്പെടുത്തിവച്ചിട്ടുമില്ല. അവ സംഘടിപ്പിക്കാൻ വളരെപ്രയാസവും. ഫോൺ തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷയില്ലെങ്കിലും പൊലീസിൽ പരാതിനൽകി.
രണ്ടുദിവസം കഴിഞ്ഞപ്പോഴാണ് സോവു ശരിക്കും ഞെട്ടിയത്. ഫോണിലുള്ള നമ്പരുകളും ഇ-മെയിൽ വിലാസങ്ങളും പകർത്തിയെഴുതിയ പതിനൊന്ന് കടലാസുകൾ പാർസലായി സോവുവിന്റെ വീട്ടിൽ ലഭിച്ചു. പരിശോധിച്ചപ്പോൾ ഒരുനമ്പർപോലും നഷ്ടപ്പെട്ടിട്ടില്ല എന്നും വ്യക്തമായി. പാർസലിൽ സോവുവിന്റെ സിം കാർഡും ഉണ്ടായിരുന്നു. അതോടെ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണ് തോന്നിയതെന്നാണ് സോവുപറയുന്നത്.
നല്ലവനായ കള്ളൻ എന്നാണ് സോവു തന്റെ ഫോൺ അടിച്ചുമാറ്റിയ ആളെക്കുറിച്ച് പറയുന്നത്. നല്ലവനല്ലെങ്കിൽ ഇത്രയും കഷ്ടപ്പെട്ട് നമ്പരുകളും ഇ-മെയിൽ വിലാസങ്ങളും പകർത്തിയെടുത്ത് പാർസലായി അയച്ചുതരുമോയെന്നും അയാൾ ചോദിക്കുന്നു.
THANKS : keralakaumudi